എന്താണ് കോൺഗ്രസ്സിലെ G-23?ആരൊക്കെയാണ് G -23 നേതാക്കൾ.?

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നിയമസഭാ ഇലക്ഷനുകളാണ് അഞ്ച് സംസ്ഥാനങ്ങളിൽ നടന്നത്. കോൺഗ്രസ് കനത്ത പരാജയം ഏറ്റുവാങ്ങിയ തെരെഞ്ഞെടുപ്പ് ഫലത്തെ തുടർന്ന് നേതാക്കൾക്കെതിരെയും സംഘടനാപ്രവർത്തന രീതികൾക്കും അയങ്ങൾക്കുമെതിരെയും വലിയ രീതിയിലുള്ള വിമർശനങ്ങൾ വന്നു കൊണ്ടിരിക്കുകയാണ്
പാർട്ടിയിലെ നവീകരണവാദക്കാരായ G -23 നേതാക്കൾ കോൺഗ്രസ്സ് അവലോകന വർക്കിംഗ് കമ്മിറ്റിക്ക് മുന്നെയായി മീറ്റിങ് കൂടുന്നു എന്ന വാർത്തയുടെ പശ്ചാത്തലത്തിൽ എന്താണ് G -23 എന്നും ആരൊക്കെയാണ് അതിന്റെ നേതാക്കളെന്നും നോക്കാം.

വിവിധ തെരെഞ്ഞെടുപ്പുകളിൽ കോൺഗ്രസ്സിന്റെ തുടർച്ചയായ പരാജയങ്ങളുടെ പശ്ച്ചാത്തലത്തിൽ പാർട്ടിയെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യ വെച്ച് സോണിയാ ഗാന്ധിക്ക് മുതിർന്ന പല നേതാക്കളും കത്തയക്കുകയുണ്ടായി. അവിടെ നിന്നാണ് തിരുത്തൽ വാദികളായി ഇവർ രംഗത്ത് വരുന്നത്.
നേതാക്കൾക്കുള്ള ആവശ്യം കാലക്രമേണ ശക്തമായി, ഗുലാം നബി ആസാദും കബിൽ സിബലും ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പാർട്ടിയുടെ നിലപാടിനെ ആവർത്തിച്ച് വിമർശിച്ചു രംഗത്ത് വന്നു.
2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം, പാർട്ടി തലത്തിലുള്ള പരിഷ്‌കാരങ്ങൾ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് നിരവധി കോൺഗ്രസ് നേതാക്കൾ വിശ്വസിച്ചു. വമ്പൻ-പഴയ പാർട്ടിയുടെ ദുർബലമായ അടിത്തറയ്‌ക്കിടയിൽ, സോണിയ ഗാന്ധിയുടെ രാജിക്ക് ശേഷം ഒരു നേതാവിനെ ലഭിക്കാൻ പാടുപെടുന്നതിനാൽ ദേശീയ പാർട്ടിക്കുള്ളിൽ ജനാധിപത്യപരമായ സജ്ജീകരണം നേതാക്കൾ ആവശ്യപ്പെട്ടു.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം അന്നത്തെ പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി അമേഠിയിൽ ബിജെപിയുടെ സ്മൃതി ഇറാനിയോട് തോറ്റതോടെ ആവശ്യങ്ങൾ കൂടുതൽ ശക്തമായി. അദ്ദേഹത്തിന്റെ രാജിയും സോണിയാ ഗാന്ധി നേതൃസ്ഥാനം തിരിച്ചെടുത്തതും വിധാൻസഭാ തിരഞ്ഞെടുപ്പിൽ തുടർച്ചയായി പരാജയപ്പെടുന്ന പാർട്ടിയുടെ ഗതിയെ മാറ്റാൻ കാര്യമായൊന്നും ചെയ്തില്ല.

പ്രധാന വിമർശനങ്ങൾ : 

2019 പൊതു തെരഞ്ഞെടുപ്പിലെ കനത്ത പരാജയം മുൻനിർത്തിയാണ് 23 സമാനമാനസകരായ നേതാക്കൾ രംഗത്ത് വരുന്നത്.
കോൺഗ്രസ്സ് സംഘടനാ പ്രവർത്തനം ദേശീയ തലത്തിൽ തന്നെ ദുർബലമാവുന്നു എന്നതാണ് ഇവർ കാര്യ കാരണങ്ങൾ സഹിതം ചൂണ്ടിക്കാണിക്കുന്നത്. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര പോരാട്ടത്തിന് നേതൃത്തം കൊടുക്കുകയും ഒന്നേക്കാൽ നൂറ്റാണ്ടിലേറെയായി രാജ്യത്ത് പ്രവർത്തിക്കുകയും ചെയ്യുന്ന രാഷ്ട്രീയ സംവിധാനം ദേശീയ തലത്തിൽ നിരർത്ഥകമാവുന്ന അവസ്ഥ കൃത്യമായി അവർ പറയുന്നു. 
 
അനുഭവ സമ്പന്നരായ നേതാക്കന്മാരെ തഴയുകയും ജില്ലാ കമ്മിറ്റികളിൽ വരെ സ്വന്തക്കാരെ തിരുകി കയറ്റാൻ ചരടുവലികൾ നടത്തുകയും ചെയ്യുന്ന വഷളത്തരമാണ് നടക്കുന്നത്. സംഘടനാ സംവിധാനം എല്ലാ തലത്തലും ദുർബലമായി വരുന്നത്തിന്റെ ഇത്തരം കാരണങ്ങൾ അക്കമിട്ട് നിരത്തുണ്ട് ഇവർ.  

രാജ്യത്തിന്റെ മുഖവും സംസ്കാരവും ഉടച്ചുവാർക്കുന്ന സംഘപരിവാറിനെ എതിരിടുന്നതിൽ പാർട്ടി അമ്പേ പരാജയപ്പെട്ടിരിക്കുയാണ്. ഈ അവസരത്തിലും തന്റെ അധികാരങ്ങളും പേരും ഭാരവാഹിത്ത്വവും മാത്രമാണ് നേതാക്കൾക്ക് ശ്രദ്ധ. 
ബന്ധങ്ങളും അടുപ്പവും ഉപയോഗിച്ച് ചിലർ ഹൈക്കമാന്റിൽ അമിതവും അനാവശ്യവുമായ സ്വാധീനം ചെലുത്തുന്നു എന്നതാണ് പ്രധാനപ്പെട്ട ഒരു വിമർശനം. ഇവിടെ 'ചിലർ' എന്ന് പറയുന്നത് കെസി വേണുഗോപാലിനെയും എകെ ആന്റണിയെയും ബന്ധപ്പെടുത്തിയാണെന്ന് പൊതുവെ കരുതപ്പെടുന്നു. 
രണ്ട് വർഷങ്ങളിലേറെയായി പാർട്ടിക്ക് ഒരു സ്ഥിരം അദ്ധ്യക്ഷൻ ഇല്ല എന്നും കൃത്യമായി വർക്കിംഗ് കമ്മിറ്റി വിളിക്കുന്നില്ല എന്നതും പ്രധാന പരാതികളിൽ പെട്ടവയാണ്.

G -23 മുന്നോട്ട് വെക്കുന്ന പ്രധാന ആവശ്യങ്ങൾ : 

AICC പുനഃ സംഘടിക്കപ്പെടണം, മുഴുസമയ അദ്ധ്യക്ഷൻ വരണം. രാഹുൽ ഗാന്ധി തന്നെ ആയാലും ഇവർ അനിഷ്ടം പറയുന്നില്ല പക്ഷെ സ്ഥിരമായ ഒരു മുഴുവൻ സമയ പ്രസിഡന്റ് തന്നെ ആവണം. 
പാർട്ടിയെ ദേശീയ തലം തൊട്ട് ബൂത്ത് തലം വരെ പുനരുജ്ജീവിപ്പിക്കാനായവശ്യമായ സക്രിയമായ അജണ്ടകളും നയങ്ങളും രൂപീകരിക്കപ്പെടണം.
പാർട്ടി സംഘടനാ സംവിധാനത്തിലും രീതിയിലും അഴിച്ച് പണി വേണം. യുവാക്കളെയും വനിതകളെയും കർഷകരെയും പാർട്ടിയിലേക്ക് ആകർഷിക്കാനുള്ള പദ്ധതികൾ രൂപീകരിക്കണം. 
തീവ്ര ഹിന്ദുത്വ വാദത്തെ അതിശക്തമായ ഭാഷയിൽ വിമർശിക്കാൻ കഴിയണം, അങ്ങനെയുള്ള നേതാക്കൾക്ക് സംരക്ഷണം നൽകണം. 
പാർട്ടി വിട്ട് പോകുന്ന മുതിർന്ന നേതാക്കളുടെ കാര്യങ്ങൾ കേൾക്കാതെ വിടുന്ന രീതി മാറ്റി, അവർ പറയുന്ന കാരണങ്ങളിൽ ചർച്ചകൾ ഉണ്ടാവണം. കഴിയുന്നവ പരിഹരിച്ച് പാർട്ടിയിൽ തന്നെ നിലനിർത്താനുള്ള ശ്രമങ്ങൾ ഉണ്ടാവേണ്ടതുണ്ട്.  
നേതാക്കളുടെ ഇഷ്യൂ ബേസ്‌ഡ് ഇടപെടലുകൾ മാത്രമാണ് ഉത്തരേന്ത്യയിൽ കാണുന്നത്, അത് സ്ഥിരം സാന്നിധ്യത്തിലേക്ക് കൊണ്ട് വരണം.

G 23 നേതാക്കൾ :

മുൻ രാജ്യസഭ എംപി ഗുലാം നബി ആസാദ്, കേന്ദ്ര മന്ത്രിമാരായിരുന്ന ആനന്ദ് ശർമ്മ, കപിൽ സിബൽ, മനീഷ് തിവാരി, ശശി തരൂർ, എംപി വിവേക് തൻഘ, എഐസിസി ഭാരവാഹികളായ മുകുൾ വാസ്നിക്, ജിതേന്ദ്ര പ്രസാദ്, മുതിർന്ന നേതാക്കളായ ഭുപീന്ദർ സിംഗ് ഹൂഡ, രാജേന്ദ്ര കൗർ ഭട്ടാൽ, എം വീരപ്പമൊയ്ലി, പൃഥ്വിരാജ് ചൗഹാൻ, പി ജെ കുര്യൻ, അജയ് സിംഗ്, രേണുക ചൗധരി, മിലിന്ദ് ദിയോറ, രാജ് ബബ്ബർ, അരവിന്ദ് സിംഗ് ലവ്ലി, കൗൾ സിംഗ് ഠാക്കൂർ, അഖിലേഷ് പ്രസാദ് സിംഗ്, കുൽദീപ് ശർമ്മ, യോഗാനന്ദ് ശാസ്ത്രി, സന്ദീപ് ദീക്ഷിത് എന്നിവരാണ് ജി 23 അംഗങ്ങൾ.
നേതൃത്വത്തെ സമ്മർദ്ദത്തിലാക്കുന്നുവെന്നും നെഹ്‌റു കുടുംബത്തിനെതിരെയുള്ള നീക്കമാണെന്നും ഉള്ള വാദഗതികൾ ഉയർത്തി ഹൈക്കമാന്റ് ഇവരുടെ വിമർശനങ്ങളെ തഴയുകയാണ് പതിവ്. എന്നാൽ ഈ കഴിഞ്ഞ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം G23 നേതാക്കൾ ഉഅയർത്തിയ വിമർശന ശരങ്ങളെ അത്രമേൽ എളുപ്പത്തിൽ തള്ളിക്കളയാൻ ഹൈക്കമാൻ്റിന് കഴിയുകയില്ല.
പ്രത്യേകിച്ചും പഞ്ചാബിലെ പരാജയം പാർട്ടി അപക്വമായ നീക്കങ്ങൾ കൊണ്ടും അബദ്ധജഡിലമായ തീരുമാനം കൊണ്ടും ദേശീയ നേതൃത്വം ചോദിച്ച് വാങ്ങിയതാണ്. സിദ്ധുവിൻ്റെ വാക്കുകൾ മാത്രം കേട്ട് പാർട്ടി കൈകൊണ്ട സമീപനങ്ങൾ അന്ന് മുതലേ വലിയ വിമർശനം നേരിട്ടിരുന്നു. G23 നേതാക്കൾ ഈ വിഷയത്തിൽ പരിഹാരത്തിനായി നിരന്തരമായി സംസാരിക്കുകയും രമ്യമായി തീർക്കുന്നതിന് വേണ്ട നീക്കങ്ങൾ നടത്തുകയും ചെയ്തിരുന്നു. 
ഏതായാലും കോൺഗ്രസ്സ് തകന്നടിഞ്ഞ് നിൽക്കുന്ന ഈ ഘട്ടത്തിൽ തെരഞ്ഞെടുപ്പ് അവലോകനത്തിനായി വരുന്ന ദിവസം പ്രവർത്തക സമിതി കൂടുകയാണ്. 
അതിനു മുന്നോടിയായാണ് മുതിർന്ന നേതാവ് ഗുലാം നബി ആസാദിൻ്റെ നേതൃത്വത്തിൽ G23 നേതാക്കൾ മീറ്റിംഗ് കൂടുന്നത്. 

പരാജയ കാരണങ്ങളുടെ വിലയിരുത്തൽ എന്താവുമെന്നതിനേക്കാൾ, G23 നേതാക്കളുടെ നിർദ്ദേശങ്ങളോട് എഐസിസി നേതൃത്വം എന്ത് സമീപനം സ്വീകരിക്കുമെന്നതും പുനർസംഘാടനം അടക്കമുള്ള വിഷയങ്ങളിൽ എന്ത് തീരുമാനം എടുക്കുമെന്നതുമാണ് രാഷ്ട്രീയ വൃത്തങ്ങൾ നോക്കുന്നത്.

Comments