വാഫി-സമസ്ത ഭിന്നത: ഓണംപിള്ളി മുഹമ്മദ് ഫൈസിയുടെ കുറിപ്പ്.

ഒരു മഹാസാഗരം പോലെ വിശാലമാണ് സമസ്ത . അതിനുളളിൽ ആണ്, ലോക പ്രശസ്തവും വിശ്വ മാതൃകയുമായി മാറിയ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ. ഉമ്മുൽ മദാരിസ് ആയ ജാമിഅയും, നന്തി ദാറുസ്സലാമും, ദാറുൽ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്സിറ്റി യും  അഭിമാനമായി മാറിയ കോഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ് ,തുടങ്ങി, വ്യത്യസ്ത രീതികൾ സമസ്തയുടെ തണൽ കൊണ്ട് വളർന്നതാണ്. 
ഇവയെ എല്ലാം, പോറ്റിവളർത്തിയ , പേറ്റു നോവനുഭവിച്ച മഹാമനീഷികൾ ഇന്ന് നമ്മോടൊപ്പമില്ല. സയ്യിദ് അബ്ദുർറഹ്മാൻ ബാഫഖി തങ്ങൾ, പൂക്കോയ തങ്ങൾ , മുഹമ്മദലി ശിഹാബ് തങ്ങൾ , ഹൈദരലി ശിഹാബ്തങ്ങൾ ശംസുൽ ഉലമ, കണ്ണിയത്തു സ്താദ്, Kk അബൂബക്കർ ഹസ്രത്ത്, അത്തിപ്പറ്റ ഉസ്താദ് (ന മ :) ... ആ നിര പറഞ്ഞു തീർക്കാനാവാത്ത വിധം വലുതാണ്. അവരുടെ സ്നോഹോർമകളിൽ  പടർത്തുയർത്തപ്പെട്ട ഒട്ടേറെ സ്ഥാപനങ്ങൾ ഈ നാടിന്റെ മത- ഭൗതിക വിദ്യാഭ്യാസത്തിന് നൽകിയ സംഭാവനകൾ അതുല്യമാണ്. 
ഇനിയും അത്തരം ഓർമകൾക്ക് സ്മാരകങ്ങൾ തീർക്കുന്ന സംരംഭങ്ങൾ വിജയിക്കണം. മഹാനായ ആറ്റിപ്പൂവിനും വേണം അത്തരമൊരു ഓർമാലയം.  അഭിപ്രായ സമന്വയത്തിലൂടെ എല്ലാം വിജയിക്കണം. സമസ്തയുടെ തീർപ്പുകൾ അനുസരിച്ചും, തെറ്റുധാരണകൾ പരസ്പരം തിരുത്തിയും വിജയ യാത്ര തുടരണം. എല്ലാം നടക്കും. അതിനു മാത്രം ആന്തരിക ബലമുണ്ട് സമുദായത്തിന് , പക്ഷേ, വൃക്തി പക്ഷങ്ങൾ മാറ്റിവച്ച് ഒന്നിച്ച് മുന്നേറണം .

  നാട് നടന്നു വന്ന ഇന്നലെകളെ കൃതജ്ഞതാപൂർവ്വം ഓർക്കാതെ, നമുക്ക് മുന്നോട്ട് പോകാനാവില്ല. മലയാള മണ്ണിൽ നമുക്ക് നടത്താനായ സാമൂഹിക മുന്നേറ്റത്തിന്റെ കിരീടം വയ്ക്കാത്ത സുൽത്താൻ മാരായിരുന്നു ഉപരിസൂചിതരായ  ഓരോരുത്തരും.  നിസ്വാർത്ഥതയുടെയും  മതനിഷ്ഠയുടെയും ആൾരൂപങ്ങളായി ജീവിച്ചവരാണവർ . അവർക്കിടയിലും ചില ഘട്ടങ്ങളിൽ അഭിപ്രായാന്തരങ്ങളുണ്ടായിരുന്നു. അവർ പക്ഷേ, നേരറിഞ്ഞു, ഒരുമിച്ചു തന്നെ നടന്നു. അവർ കൈമാറിയ വിളക്ക് കൊളുത്തലാകണം കെടുത്തലാകരുത്, നമ്മുടെ പണി. 

നേതൃരംഗത്തുള്ളവർ ചർച്ച ചെയ്യുന്ന കാര്യങ്ങൾ  അവിടെ തീരും, തീരണം, ഇമ്മിണി ബല്യ അനുയായികൾ  ചമഞ്ഞ്  വന്ന് നമ്മളാരും സോഷ്യൽ മീഡിയയിൽ    വിശകലനം ചെയ്യാതിരുന്നാൽ തന്നെ, എല്ലാം ശുഭപര്യവസാനിയാവും.  അല്പം ക്ഷമിക്കുക. എല്ലാം നല്ലതിനേ ഭവിക്കൂ...  ആത്മ വിശ്വാസം  ഉണ്ടാവണം. നമുക്ക്  ചിതറാൻ പറ്റിയ നേരമല്ലിത്.  പതറിപ്പോകും.  അതൊരു മഹാദുരന്തമാകും. നാഥൻ കാക്കട്ടെ

Comments