മദ്റസാ അദ്ധ്യാപകരുടെ മാസ ശമ്പളം

മദ്രസയിലെ എന്റെ ആദ്യ ശമ്പളം , മാസം 700 രൂപയായിരുന്നു . പിന്നീട് മറ്റൊരു മദ്രസയിലേക്ക് മാറിയപ്പോൾ 900 വും അതുകഴിഞ്ഞ് മറ്റൊരിടത്ത് 1200 ഉം ആയി . അവസാനം നിന്നിടത്ത് 1500 ആയിരുന്നു എന്നാണോർമ്മ . 

നൂറ്റാണ്ട് മുമ്പത്തെ കഥയൊന്നുമല്ല , ഒരു പത്ത്‌ പതിമൂന്ന് കൊല്ലം മുമ്പത്തെ , നാടൻ പണിക്ക് നാനൂറൊ അഞ്ഞൂറോ ഒക്കെ കൂലിയുള്ള കാലത്തെ കഥയാണ് . 

ഡിഗ്രി പഠന കാലത്ത് പോക്കറ്റ് മണിക്ക് വേണ്ടിയുള്ള ഏർപ്പാട് ആയതിനാൽ എനിക്കതൊക്കെ ധാരാളം ആയിരുന്നു . എന്നാൽ, ആ ശംമ്പളം കൊണ്ട് ( സ്ഥിര മുഅല്ലിംകളാകുമ്പോൾ അതിന്റെ ഇരട്ടിയോ മറ്റോ കാണും ) കുടുംബം പോറ്റുന്ന മുഅല്ലിമീങ്ങളെ കുറിച്ച് അന്നേ ചിന്തിക്കാറുണ്ട് . 

സ്വന്തം ഗീബൽസിയൻ ചാനലിൽ സങ്കികൾ അതിന്റെ പത്തിരട്ടി ശമ്പളത്തെക്കുറിച്ചും , അത് നൽകുന്നത് സർക്കാർ ആണെന്നും ഒക്കെ വെച്ച് കാച്ചുമ്പോൾ , ചിലത് കൂടി പറയണമെന്ന് തോന്നി . 

സത്യത്തിൽ മദ്രസാ അധ്യാപകരുടെ ശമ്പളക്കാര്യത്തിലേക്ക് സർക്കാരിൽ നിന്ന് അഞ്ച് പൈസ ഇല്ലെന്നതും , മദ്രസാ വിദ്യാർത്ഥികളിൽ നിന്ന് ഫീസ് ആയൊ , മഹല്ലിലെ മുസ്ലിം വീടുകളിൽ നിന്ന് വരിസംഖ്യ ആയൊ പിരിച്ചെടുത്താണ് ഇത് നൽകുന്നതെന്നും സാമാന്യ ബോധമുള്ള ആർക്കും അറിയാവുന്നതുമാണ് . 

എന്നാൽ ഞാൻ പറയാൻ ഉദ്ദേശിച്ചത് , ഇത്തരം മദ്രസാ അധ്യാപർക്ക് മെച്ചപ്പെട്ട വരുമാനവും ജീവിത സാഹചര്യവും ലഭിക്കും വിധമുള്ള മാർഗ്ഗങ്ങൾ മദ്രസാ കമ്മറ്റികൾക്ക് ചെയ്യാവുന്നതാണ് എന്നാണ് . 

ദിവസത്തിൽ ഒന്നോ രണ്ടോ മണിക്കൂർ മാത്രമുള്ള ജോലിക്ക് മാത്രമായി വലിയൊരു ശമ്പളം നൽകൽ പ്രായോഗികമല്ല . മദ്രസാ അധ്യാപനം അത്ര ബുദ്ധിമുട്ടുള്ള സിലബസ് പോലുമല്ല . എന്നാൽ , ഇത്തരം അധ്യാപകർക്ക് , പിന്നീടുള്ള സമയത്ത് കൂടി ജോലി ചെയ്യാൻ കഴിയും വിധം എന്തെങ്കിലും പദ്ധതി ഏർപ്പാടാക്കി നൽകുക എന്നതാണ് . 

അത് അവരുടെ അഭിരുചിക്ക് ഇണങ്ങും വിധം സെയിൽസ്മാരായോ സ്വയം തൊഴിലുകളായോ ഒക്കെ ആകാവുന്നതാണ് . ഇനി , മദ്രസക്കൊപ്പം പള്ളിയിൽ ജോലി ഉള്ളവരാണെങ്കിൽ കൂടി , പള്ളിക്കടുത്തുള്ള ഷോപ്പിലോ അത്പോലെ നമസ്കാരത്തിന് പള്ളിയിൽ എത്തും വിധമുള്ള ജോലിയോ ഒക്കെ ആകാമല്ലോ !

ഇങ്ങനെ ഓരോ മഹല്ല് മദ്രസാ കമ്മറ്റികളും ചിന്തിച്ചാൽ , സംഘികൾ പറഞ്ഞു കൊതിപ്പിച്ച അത്രയൊന്നും ഇല്ലെങ്കിലും അതിന്റൊരു പകുതിയെങ്കിലും ഒക്കെ ഇവർക്ക് സമ്പാദിക്കാൻ കഴിഞ്ഞേക്കും .

Comments