ഹൈദരലി ശിഹാബ് തങ്ങള്‍, ആസ്റ്റര്‍ മിംസിലെ ഓര്‍മ്മകള്‍.
എഴുതിയത്: 
ഡോ.നൗഫല്‍ ബഷീർ 
കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടൻ്റ് ന്യൂറോ സർജൻ ഡോക്ടർ നൗഫൽ ബഷീർ, പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുമൊത്തുള്ള അവിസ്മരണീയ അനുഭവങ്ങൾ പങ്കു വെച്ച കുറിപ്പ് വൈറലാകുന്നു.
നൗഫൽ ബഷീർ തൻ്റെ ഫേസ്ബുക്കിലെഴുതിയ വരികൾ വായിക്കാം :- 
'എവിടെ തുടങ്ങണമെന്ന ആശയക്കുഴപ്പമാണ് ഈ കുറിപ്പെഴുതുമ്പോള്‍ എന്നെ അസ്വസ്ഥനാക്കുന്നത്. ആത്മീയ നേതാവെന്ന നിലയില്‍ എല്ലാവരും ആദരിക്കുമ്പോഴും വിനയും കൈവിടാത്ത അപൂര്‍വ്വ വ്യക്തിത്വം എന്ന നിലയിലും, അധികാരത്തിലേക്കുള്ള എല്ലാ വഴികളും മുന്‍പിലുണ്ടായിട്ടും അതില്‍ നിന്ന് മാറിനടക്കുന്ന പരമ്പരയുടെ അപൂര്‍വ്വത കൈവെടിയാത്ത പിന്‍ഗാമി എന്ന നിലക്കുമള്ള അത്ഭുതം മനസ്സിലുണ്ടെങ്കിലും ഹൈദരലി ശിഹാബ് തങ്ങള്‍ എന്ന വലിയ മനുഷ്യനോട് എനിക്ക് ആദരവിന് മറ്റൊരു കാരണം കൂടിയുണ്ട്. ഒരു പക്ഷെ ആയിരം ഓര്‍മ്മക്കുറിപ്പുകള്‍ക്കിടയില്‍ ആരും പരാമര്‍ശിക്കപ്പെടാതെ പോയ ആ വലിയ മനസ്സിന്റെ ഔന്നത്യം. അത് സൂചിപ്പിക്കാതിരിക്കാനാവില്ല എന്നതുകൊണ്ട് മാത്രമാണ് ഈ കുറിപ്പ്.
ചുരുങ്ങിയ കാലയളവിനിടയില്‍ മൂന്ന് തവണയാണ് ഹൈദരലി ശിഹാബ് തങ്ങള്‍ അതീവഗുരുതരമായ രോഗാവസ്ഥകളെ അതിജീവിച്ചത്. ലോകത്തെവിടെ വേണമെങ്കിലും സന്ദര്‍ശിച്ച് ചികിത്സ നേടാനുള്ള ആളും അര്‍ത്ഥവും അദ്ദേഹത്തിനുണ്ടായിരുന്നു, അല്ലെങ്കില്‍ അതിനെല്ലാമുള്ള സൗഹചര്യമൊരുക്കിക്കൊടുക്കാന്‍ സാധിക്കുന്ന ആയിരക്കണക്കിന് അനുയായികള്‍ അദ്ദേഹത്തിനുണ്ടായിരുന്നു, പക്ഷെ ആ അവസരങ്ങളെയെല്ലാം അദ്ദേഹം സ്‌നേഹപൂര്‍വ്വം നിഷേധിച്ചു. ആദ്യതവണ ഡല്‍ഹിയ എയിംസില്‍ പിന്നീട് കോഴിക്കോട് മിംസില്‍ ഞങ്ങളോടൊപ്പം. മൂന്ന് തവണയും അത്രയേറെ ഗുരുതരമായ സാഹചര്യത്തിലും ലോകത്തിലെ ഏത് മികച്ച ചികിത്സയ്ക്കും നേടിയെടുക്കാനാകുന്ന ഫലം ഞങ്ങള്‍ക്ക് നല്‍കാനായി. ഈ ചികിത്സാ കാലയളവിനിടയില്‍ വളര്‍ന്ന് വന്ന ആത്മബന്ധം ജീവിതത്തിലെ അപൂര്‍വ്വമായ സൗഭാഗ്യമായി മാറുകയും ചെയ്തു.
ആദ്യത്തെ അസുഖം
2018 അവസാനം ന്യൂറോയുമായി ബന്ധപ്പെട്ട അസുഖബാധിതനായാണ് തങ്ങള്‍ ആദ്യമായി ശസ്ത്രക്രിയയ്ക്ക് വിധേയനായത്്. ഡോ. മന്‍മോഹന്‍സിങ്ങ് എന്ന പ്രഗത്ഭനായ ന്യൂറോ സര്‍ജന്റെ കീഴിലാണ് അദ്ദേഹം അവിടെ അഡ്മിറ്റ് ചെയ്യപ്പെട്ടത്. വിശദ പരിശോധനയില്‍ തലച്ചോറില്‍ നീര്‍ക്കെട്ട് കൂടിയ അവസ്ഥ കണ്ട് പിടിക്കുകയും ചെയ്തു. അടിയന്തര പ്രാധാന്യത്തോടെ പരിഹരിക്കേണ്ട രോഗാവസ്ഥയായതിനാല്‍ പെട്ടെന്ന് തന്നെ തലച്ചോറില്‍ നിന്ന് നീര് വയറിലേക്ക് പോകുവാനായി ഷണ്ടിംഗ് ശസ്ത്രക്രിയക്ക് ഡോ. മന്‍മോഹന്‍സിങ്ങ് നിര്‍ദ്ദേശിക്കുകയും, പൂര്‍ത്തീകരിക്കുകയും ചെയ്തു.  ശസ്ത്രക്രിയക്ക് ശേഷം ഫോളോഅപ്പിന് കോഴിക്കോട് എന്നെ കണ്ടാല്‍ മതി എന്ന് നിര്‍ദ്ദേശിച്ചതും എന്റെ പ്രൊഫസര്‍ കൂടിയായിരുന്ന ഡോ. മന്‍മോഹന്‍ സിങ്ങ് ആയിരുന്നു. 
അങ്ങിനെയാണ് ആദ്യമായി ഹൈദരലി ശിഹാബ് തങ്ങളെ നേരിട്ട് സന്ദര്‍ശിക്കാനുള്ള ്അവസരം കൈവന്നത്. പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടില്‍ ചെന്ന് അദ്ദേഹത്തെ സന്ദര്‍ശിച്ചു. പിന്നീട് പല തവണ അവിടെവെച്ചും മിംസില്‍ വെച്ചും അദ്ദേഹത്തെ സന്ദര്‍ശിക്കാനിടവന്നു. ആത്മീയതയുടെ ഔന്നിത്യമുള്ളതുകൊണ്ടായിരിക്കണം വളരെ പെട്ടെന്ന് തന്നെ അദ്ദേഹം രോഗാവസ്ഥയെ തരണം ചെയ്ത് ജീവിതത്തിലേക്ക് തിരിച്ച് വന്നു.
രണ്ടാമത്തെ അസുഖം
2019 ഫെബ്രവരി മാസം ഒഫീഷ്യലായ ഒരു ആവശ്യത്തിന് എനിക്ക് ഡല്‍ഹിയില്‍ പോകേണ്ടിയിരുന്നു. ഒപ്പം കുടുംബത്തെയും കൂട്ടിയാണ് യാത്ര. കോയമ്പത്തൂരില്‍ നിന്ന് ഡല്‍ഹിയിലേക്ക ഫ്‌ളൈറ്റ്. അവിടെ വരെ ട്രെയിനില്‍ യാത്ര. ഏതാണ്ട് പാലക്കാടെത്തിയപ്പോഴാണ് വിളി വന്നത്. നിലമ്പൂരിലെവിടെയോ പൊതുപരിപാടിക്ക് സംബന്ധിക്കാനെത്തിയ ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഉടന്‍ തന്നെ മിംസിലേക്കെത്തിക്കാന്‍ നിര്‍ദ്ദേശിച്ചു. ഞാനാകെ ധര്‍മ്മ സംഘടത്തിലായി. കുടുംബവുമൊത്തുള്ള യാത്രയാണ് പ്ലാന്‍ ചെയ്തിരിക്കുന്നത് അവരും കൂടെയുണ്ട്. 
മിംസിലെത്തി സി ടി സ്‌കാന്‍ എടുക്കാന്‍ നിര്‍ദ്ദേശിച്ചു. സ്‌കാനിംഗില്‍ തലച്ചോറിന്റെ രണ്ട് ഭാഗത്തും തലച്ചോറിന്റെ ആവരണത്തിനും തലച്ചോറിനും ഇടയിലായി രക്തം കട്ടപിടിച്ചിരിക്കുന്നു. ശസ്ത്രക്രിയയല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളൊന്നും തന്നെ മുന്‍പിലേക്കില്ല. മറ്റൊന്നും ആലോചിക്കാനുമില്ല. ഭാര്യയേയും കുട്ടികളേയും ഫ്‌ളൈറ്റിന് ഡല്‍ഹിയിലേക്ക് പറഞ്ഞയച്ച് ഞാന്‍ ഒരു ടാക്‌സി പിടിച്ച് കോഴിക്കോട്ടേക്ക് വന്നു. രാത്രി 12 മണിക്ക് പുറപ്പെട്ടു, ഏതാണ്ട് മൂന്നരയോടെ കോഴിക്കോട്ടെത്തി. രാവിലെ 7 മണിക്ക് ശസ്ത്രക്രിയ ചെയ്തു. വിജയകരമായി തന്നെ പൂര്‍ത്തിയായി. രണ്ട് മണിക്കൂറാകുമ്പോഴേക്കും അദ്ദേഹം പൂര്‍ണ്ണ ബോധത്തിലേക്ക് തിരിച്ച് വരികയും ചെയ്തു. അന്ന് വൈകീട്ട തന്നെ ഐ സി യു വില്‍ നിന്ന് അദ്ദേഹത്തെ മാറ്റുവാനും സാധിച്ചു. എല്ലാം സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് പിന്നെ ഞാന്‍ ഡല്‍ഹിയിലേക്ക് തിരിച്ച് പോയത്. 
ഈ സംഭവത്തിന് ശേഷം അദ്ദേഹവുമായി വളരെ അടുത്ത ആത്മബന്ധം വളര്‍ന്ന് വന്നു. പിന്നീട് നിരവധി തവണ പാണക്കാട് പോയിട്ടും അദ്ദേഹം കോഴിക്കോട് മിംസില്‍ വന്നിട്ടുമെല്ലാം ദീര്‍ഘനേരം സംസാരിക്കാനുള്ള അവസരങ്ങള്‍ കൈവന്നു.
മൂന്നാമത്തെ അസുഖം
2021 ഏപ്രില്‍ മാസത്തിലാണ് മൂന്നാമത്തെ തവണ അദ്ദേഹം രോഗബാധിതനാകുന്നത്. പനിയും മറ്റ് ബുദ്ധിമുട്ടുകളുമായിരുന്നു വിഷയം. ബ്രെയിനിന്റെ പ്രശ്‌നം തന്നെയാകുമെന്നാണ് കരുതിയിരുന്നത്. സ്‌കാനിംഗില്‍ വലിയ തകരാറുകളൊന്നും കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് ജനറല്‍ മെഡിസിന്‍ ഡോക്ടര്‍മാര്‍ അദ്ദേഹത്തെ പരിശോധനാ വിധേയമാക്കി. സി ടി സ്‌കാന്‍ പരിശോധനയില്‍ കാന്‍സറിന്റെ സാന്നിദ്ധ്യമുണ്ടോ എന്ന സംശയം അവര്‍ക്കുണ്ടാവുകയും ബയോപ്‌സി എടുത്ത് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. 
കേരളത്തില്‍ തന്നെ ചികിത്സിക്കണോ എന്നതിനെ കുറിച്ചൊക്കെയുള്ള ചില ആശയക്കുഴപ്പങ്ങള്‍ ഈ സാഹചര്യത്തിലുണ്ടായെങ്കിലും തങ്ങളും അദ്ദേഹത്തിന്റെ കുടുംബവും ആസ്റ്റര്‍ മിംസല്ലാതെ മറ്റൊരു ഓപ്ഷനും ആവശ്യമില്ല എന്ന നിലപാട് ശക്തമായി സ്വീകരിച്ചു. കീമോതെറാപ്പിയുമായി മുന്‍പിലേക്ക് പോയിക്കൊണ്ടിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ബോധപരമായ അവസ്ഥയ്ക്ക് ചെറിയ മാറ്റങ്ങള്‍ ശ്രദ്ധയില്‍ പെട്ടു. തുടര്‍ന്ന് വീണ്ടും അദ്ദേഹത്തെ സ്‌കാനിംഗിന് വിധേയനാക്കി.
ഡല്‍ഹി എയിംസില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ സ്ഥാപിച്ച ഷെണ്ടില്‍ ചെറിയ പ്രവര്‍ത്തന തകരാര്‍ സംഭവിച്ചിരിക്കുന്നു. ശസ്ത്രക്രിയയിലൂടെ അത് മാറ്റി സ്ഥാപിക്കേണ്ടത് അനിവാര്യമാണെന്ന് മനസ്സിലായി. തുടര്‍ന്ന് വീണ്ടും അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഷെണ്ടിംഗ് നടത്തുകയും വിജയകരമായി പൂര്‍ത്തിയാവുകയും അദ്ദേഹം ബോധാവസ്ഥയിലേക്ക് തിരികെ എത്തുകയും ചെയ്തു. 
കീമോതെറാപ്പി ഉള്‍പ്പെടെയുള്ള കാന്‍സര്‍ ചികിത്സയുടെ ഫലം വളരെ മികച്ചതായിരുന്നു. ഏറെക്കുറെ നല്ല രീതിയില്‍ ആരോഗ്യവാനായി തന്നെയാണ് അദ്ദേഹം മിംസില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്ത് തിരികെ പോയത്. പക്ഷെ രോഗത്തിന്റെ സ്റ്റേജും, അദ്ദേഹത്തിന്റെ പ്രായവുമെല്ലാം വെല്ലുവിളികളായിത്തീരുവാനുള്ള സാധ്യത പ്രതീക്ഷിച്ചിരുന്നു. കുറച്ച് മാസങ്ങള്‍ക്ക് ശേഷം അസുഖം തിരികെ വരികയും ഭേദാക്കാന്‍ സാധിക്കാത്ത വിധം സങ്കീര്‍ണ്ണമാവുകയും ചെയ്തു. 
എല്ലാ സൗഭാഗ്യങ്ങളും ചുറ്റിലുമുണ്ടായിരുന്നിട്ടും, ഭൗതികമായ അത്തരം ആകര്‍ഷണങ്ങളോട് അകലം പാലിക്കുവാനും ആത്മീയതയുടെ അളവറ്റ സാന്നിദ്ധ്യം ഭാഷണത്തിലും പ്രവര്‍ത്തിയിലുമെല്ലാം പ്രകടിപ്പിക്കുവാനും സാധിച്ച, വലുപ്പച്ചെറുപ്പമില്ലാതെ എല്ലാവരെയും ഒന്നുപോലെ നോക്കിക്കാണുകയും പരിഗണിക്കുകയും ചെയ്ത മഹാനായ ആ മനുഷ്യന്റെ ജീവിതത്തില്‍ എവിടെയൊക്കെയോ കൂടെനില്‍ക്കുവാനും സ്‌നേഹം പകര്‍ന്ന് കിട്ടുവാനുമുള്ള ഭാഗ്യസിദ്ധി എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പുണ്യമായി കരുതുന്നു. ഓര്‍മ്മകള്‍ക്ക് മുന്നില്‍ ബാഷ്പാഞ്ജലികള്‍ അര്‍പ്പിക്കുന്നു.'
  
  
Comments
Post a Comment