നന്ദിഗ്രാം കരഞ്ഞു തീർന്നിട്ടില്ല.
ജീവിക്കാനുളള അവകാശത്തിനു വേണ്ടി സമരം ചെയ്തവർക്കു നേരെ അശനിപാതം പോലെ വന്നലച്ച അക്രമത്തിന്റെ രാവുകൾ; പകലുകൾ...
സി.പി.എമ്മിന്റെ വളർത്തുഗുണ്ടകൾ അഴിഞ്ഞാടിയ 24 പർഗാനാസ് ജില്ലയിലെ പട്ടിണിപ്പാവങ്ങളുടെ തേങ്ങൽ ഇനിയും അടങ്ങിയിട്ടുണ്ടാവില്ല.
കെമിക്കൽ ഫാക്ടറിക്കു പതിച്ചു നൽകാമെന്ന ഉറപ്പിൽ പശ്ചിമബംഗാൾ സർക്കാർ നന്ദിഗ്രാമിനെ തൂക്കി വിൽക്കാനൊരുങ്ങുകയായിരുന്നു.
മൂന്നു പതിറ്റാണ്ടു കാലത്തോളം പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞിട്ടും ചെങ്കൊടി കൈവിട്ടിട്ടില്ലാത്ത കർഷകർക്ക് സി.പി.എം പകരം നൽകിയത് വെടിയുണ്ടകൾ.
നെഞ്ചിനു നേരെ പാഞ്ഞു വരുന്ന കൂരമ്പിന്റെ മൂർച്ച തിരിച്ചറിഞ്ഞതും പ്രതികരിക്കാൻ അവർ തീരുമാനിച്ചു. ഭൂമി ഉച്ഛേദ് പ്രതിരോധ് കമ്മിറ്റി നിലവിൽ വന്നു. എന്നാൽ, പോലീസിനെയും ജയിലിൽ നിന്ന് പ്രത്യേക ഡ്യൂട്ടി കൊടുത്ത് ഇറക്കി വിട്ട സി.പി.എം ക്രിമിനലുകളെയും ഉപയോഗിച്ച് സമരം അടിച്ചമർത്താനാണ് സർക്കാർ ശ്രമിച്ചത്.
പോലീസ് വെടിവെപ്പിൽ 14 പേർ തൽക്ഷണം മരിച്ചു. നൂറുകണക്കിനാളുകൾക്ക് പരിക്കേറ്റു.
കമ്യൂണിസ്റ്റ് സ്വർഗ്ഗം സ്വപ്‌നം കണ്ടവർക്ക് സി.പി.എം സമ്മാനിച്ച നരകയാതനകൾ ചെറുതായിരുന്നില്ല.
പോലീസ് നടപടിക്കു ശേഷം അഴിഞ്ഞാടിയത് സി.പി.എമ്മുകാരായിരുന്നു.
ജില്ലാ കമ്മിറ്റി നേതാക്കളടക്കം കൊടുംക്രിമിനലുകൾ ഒറ്റ രാത്രി കൊണ്ട് ആ ഗ്രാമത്തെ നക്കിത്തുടച്ചു.
പുറമെ നിന്ന് ആരും വരാതിരിക്കാനായി നന്ദിഗ്രാമിലേക്കുളള വഴികളെല്ലാം അടക്കുകയും പാലങ്ങൾ തകർക്കുകയും ചെയ്താണ് സി.പി.എമ്മുകാർ നരവേട്ട തുടങ്ങിയത്.
പുരുഷന്മാരെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം മണ്ണെണ്ണയൊഴിച്ച് കത്തിച്ചു.
ആറടി മണ്ണിന്റെ അവകാശം പോലും നൽകാതെ പാടങ്ങളിലെ ചതുപ്പുകളിൽ മൃതദേഹങ്ങൾ പൂഴ്ത്തി.
അവർ കൊന്നുകളഞ്ഞ ആളുകൾ എത്രയെന്ന കണക്ക് ഇപ്പോഴും വ്യക്തമല്ല.
കലാപ കാലത്ത് കാണാതായ അമ്പതോളം പുരുഷന്മാർ ഇപ്പോഴും മടങ്ങി വന്നിട്ടില്ല.
അഞ്ഞൂറോളം വീടുകൾ ഒറ്റ രാത്രി കൊണ്ട് കത്തിച്ചു കളഞ്ഞു.
സത്തംഗബാരിയിലെ 29 സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെട്ടു.
നിലവിളികൾ കേൾക്കാൻ ആരുമുണ്ടായിരുന്നില്ല.
തഹാഹുൽ മസ്ജിദ് തല്ലിത്തകർത്ത് തീയിട്ട പാർട്ടിക്കാർ പള്ളിമുറ്റത്ത് ചെങ്കൊടി നാട്ടി.
സ്വത്ത്, തൊഴിൽ, അഭിമാനം, അഭയം... എല്ലാം ഇല്ലാതായി.
വികസന വിരോധികളെന്ന് മുദ്രകുത്തിയാണ് കമ്യൂണിസ്റ്റുകാർ ഈ ജനതയെ നശിപ്പിച്ചത്.
ഫലമെന്താണ്?
പശ്ചിമബംഗാളിലെ മൂന്നര പതിറ്റാണ്ടിന്റെ കമ്യൂണിസ്റ്റ് പാർട്ടി ആധിപത്യം അതോടെ അവസാനിച്ചു.
ചെങ്കൊടി നരച്ചു.
ഒന്ന് ഏന്തിവലിഞ്ഞ് നോക്കാൻ പറ്റാത്ത വിധം സി.പി.എം തകർന്നു.
സിംഗൂരും നന്ദിഗ്രാമും.
ഓർമകൾ ഉണ്ടായിരിക്കണം.
-ഷെരീഫ് സാഗർ
Comments
Post a Comment