ജപ്പാനിലെ സ്കൂളുകളില്‍ പെണ്‍കുട്ടികള്‍ 'പോണിടെയില്‍' കെട്ടുന്നതില്‍ നിരോധനം

'പോണിടെയിൽ ആൺ കുട്ടികളിൽ ലൈംഗിക താത്പര്യം ജനിപ്പിക്കും'

ജപ്പാനിലെ ചില പബ്ലിക് സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ പോണി ടെയില്‍ രീതിയില്‍ മുടി കെട്ടുന്നത് നിരോധിച്ചു. ഇത്തരത്തിലുള്ള മുടികെട്ടല്‍ രീതി പുരുഷന്മാരെ ലൈംഗികമായി ഉത്തേജിപ്പിക്കുമെന്ന വാദത്തെ തുടര്‍ന്നാണ് സ്‌കൂളുകൾ പോണിടെയിൽ നിരോധിച്ചത്. 
പെൺകുട്ടികൾ പോണിടെയിൽ രീതിയില്‍ മുടി ക്രമീകരിക്കുന്നത്, അവരുടെ കഴുത്ത് അനാവൃതമാക്കും ഇത് പുരുഷ വിദ്യാർത്ഥികളെ "ലൈംഗികമായി ഉത്തേജിപ്പിക്കും" എന്നാണ് നിരോധനത്തിന് അടിസ്ഥാനമായി പറയുന്നത്. 2020 ൽ നടത്തിയ ഒരു സർവേ സൂചിപ്പിക്കുന്നത് ഫുക്കോക്കയിലെ സ്കൂളുകളില്‍ പത്തില്‍‍ ഒന്ന് എന്ന കണക്കില്‍ പോണിടെയിൽ നിരോധിച്ചിട്ടുണ്ടെന്നാണ്. 

സ്കൂളുകൾ ഏർപ്പെടുത്തിയിരിക്കുന്ന ഈ നിരോധനം അംഗീകരിക്കാൻ വിദ്യാർത്ഥികൾ നിർബന്ധിതരാണെന്നാണ് മൊത്തോക്കി സുഖിയാമ എന്ന മുന്‍ മിഡില്‍ സ്കൂള്‍ ടീച്ചര്‍ 'വൈസ്' വെബ് സൈറ്റിനോട് പറഞ്ഞു. ഇത്തരം നിയമങ്ങള്‍ കുട്ടികളെ നല്ല രീതിയിലാക്കാന്‍ എന്നാണ് രക്ഷിതാക്കള്‍ കരുതുന്നത് അതിനാല്‍ വിചിത്രമായ നിയമങ്ങൾക്കെതിരെ വിമർശനങ്ങൾ ഉയരുന്നത് കുറവാണെന്ന് മാത്രമല്ല, ഇതെല്ലാം സാധാരണ സംഭവങ്ങൾ മാത്രമായാണ് എന്നാണ് എല്ലാവരും കരുതുന്നത് മൊത്തോക്കി സുഖിയാമ  കൂട്ടിച്ചേര്‍ക്കുന്നു.

ഇത്തരത്തില്‍ സമാനമായി സ്കൂളില്‍ വെള്ള അടിവസ്ത്രം മാത്രമേ ധരിക്കാവൂ എന്ന വിചിത്രമായ നിയമങ്ങളും പല സ്കൂളുകളിലും നിലവിലുണ്ട്. കളര്‍ അടിവസ്ത്രങ്ങള്‍ വസ്ത്രത്തിന് അടിയിലൂടെ ദൃശ്യമാകും എന്നതാണ് പോലും ഇത്തരം ഒരു നിരോധനത്തിന് അടിസ്ഥാനം. 
കായിക പരിശീലനം, സ്കൂളിലെ നീന്തല്‍ പരിശീലനം എന്നിവയ്ക്ക് വസ്ത്രം മാറുമ്പോൾ സ്കൂളിലെ പ്രത്യേക നിയോഗിച്ച ജീവനക്കാര്‍ വിദ്യാര്‍ത്ഥിനികളുടെ അടിവസ്‌ത്രം പരിശോധിക്കുന്ന പതിവ് പോലും പല സ്കൂളിലും നടപ്പിലാക്കിയിട്ടുണ്ടെന്നാണ് വൈസിന്‍റെ റിപ്പോര്‍ട്ട് പറയുന്നത്.
ഇതിലും വിചിത്രമായ പല നിയമങ്ങളും ജപ്പാനീസ് സ്കൂളുകളില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. വിദ്യാർത്ഥിനികളുടെ പാവാടയുടെ നീളം, പുരികത്തിന്റെ ആകൃതി, അടിവസ്‌ത്രത്തിന്റെയും സോക്‌സിന്റെയും നിറം, മുടിയുടെ നിറം, എന്നിവയ്ക്കും സ്കൂള്‍ നിയമങ്ങള്‍ നടപ്പിലാക്കുന്നുണ്ട്.

Comments