പകൽ സമയങ്ങളിൽ ചായക്കടയിലെ സഹായി, രാത്രി എൻട്രൻസ് പഠനം; നാട്ടുകാർക്ക് അഭിമാനമായി എഡ്ന

ചായക്കടയിൽ ജോലി ചെയ്ത് എം.ബി.ബി.എസിന് മെറിറ്റിൽ പ്രവേശനം കരസ്ഥമാക്കിയ ഒരു മിടുക്കിയുണ്ട് കൊച്ചിയിൽ. മട്ടാഞ്ചേരി സ്വദേശിനി എഡ്ന ജോൺസൺ. ഇക്കഴിഞ്ഞ നീറ്റ് പരീക്ഷയിലാണ് എഡ്നയ്ക്ക് എം.ബി.ബി.എസിന് പ്രവേശനം കിട്ടിയത്.

 (കെ. എ അനീഷ് എഴുതിയത് )
അവശരായി നിൽക്കുമ്പോൾ ലഭിക്കുന്ന മധുരമായ ചായ പോലെയാണ് മട്ടാഞ്ചേരി സ്വദേശിനി എഡ്ന ജോൺസന്റെ ജീവിതം. അച്ഛന്റെ അസുഖത്തെത്തുടർന്ന് ജീവിതം കൈവിട്ടെന്ന് കരുതിയപ്പോഴായിരുന്നു വിദ്യാർത്ഥിയായിരുന്ന എഡ്ന അച്ഛനെ സഹായിക്കാൻ ചായക്കടയിൽ നിന്നത്. ഇന്ന് ചായക്കടയ്ക്കപ്പുറം ഡോക്ടര്‍ എന്ന തന്റെ സ്വപ്നത്തിന്റെ പടിവാതിലിലാണ് എഡ്ന ജോൺസൺ. സ്വന്തമായി വീടില്ല. കുഞ്ഞുചായക്കടയിൽ മറച്ചുകെട്ടിയ ഭാഗത്ത് അച്ഛനും അമ്മയ്ക്കും രണ്ട് സഹോദരങ്ങൾക്കുമൊപ്പം താമസം. പകൽ ചായക്കടയിൽ ജോലി. രാത്രി എൻട്രൻസിനായി അതേ ചായക്കടയിലിരുന്ന് ഓൺലൈനിൽ പഠനം. മെരിറ്റിൽ എം.ബി.ബി.എസ് പ്രവേശനം. ജീവിതദുരിതങ്ങളുടെ കരുത്തുമായി എഡ്ന എന്ന മിടുക്കി ആലപ്പുഴ മെഡിക്കൽ കോളേജിൽ ഈ മാസം 21ന് പഠിക്കാനെത്തും. പ്രതിസന്ധികളിൽ തളരാതെ വലിയൊരു ലക്ഷ്യവുമായി മുന്നേറിയ പെൺകരുത്ത് സ്വപ്ന സാക്ഷാത്കാരത്തിലേക്ക് യാത്ര തുടങ്ങുകയാണ്. എറണാകുളം തോപ്പുംപടി നസ്രത്ത് പള്ളിപ്പറമ്പിൽ ജോൺസൺ-ബിന്ദു ദമ്പതികളുടെ മൂന്ന് മക്കളിൽ മൂത്തവളാണ് എഡ്ന. വാൻ ഡ്രൈവറായിരുന്നു ജോൺസൺ. 2019ൽ നട്ടെല്ലിനു തകരാർ സംഭവിച്ച് കിടപ്പിലായി. കടംകയറി വണ്ടി വിറ്റു. മക്കളുടെ പഠനം മുടങ്ങുമെന്ന സ്ഥിതിയായി. ഓട്ടോ ഓടിച്ചിരുന്ന ബിന്ദുവിന് ഭർത്താവിന്റെ ചികിത്സയും മക്കളുടെ പഠനച്ചെലവും വലിയ ഭാരമായി. എഴുന്നേറ്റു നടക്കാറായതോടെ ജോൺസൺ ഉന്തുവണ്ടിയിൽ ചായക്കച്ചവടം തുടങ്ങി. പിന്നീട് ഒരു ചായ്പ്പിൽ മറച്ചുകെട്ടി ഷീറ്റിട്ട് കട തുറന്നു. ഭാര്യയും മക്കളും സഹായത്തിനെത്തി. സാമ്പത്തിക ബാധ്യത മൂലം വാടകവീട് ഒഴിയേണ്ടിവന്നപ്പോഴാണ് ചായക്കടയിൽ താമസമാക്കിയത്. എഡ്നയുടെ മൂത്ത സഹോദരൻ സാമുവൽ ഹോ‌ട്ടൽ മാനേജ്മെന്റിനും ഇളയവൻ ജോയൽ ഒൻപതിലും പഠിക്കുന്നു.മട്ടാഞ്ചേരി പള്ളിപ്പറമ്പിൽ ജോൺസനും അമ്മ ബിന്ദുവും മൂന്നു മക്കളും ഉൾപ്പടെയുള്ള കുടുംബം ചായക്കട നടത്തിയാണ് കുടുംബം പുലർത്തുന്നത്. നസ്രത്ത് പള്ളിക്കു സമീപമുള്ള ഈ ചെറിയ ചായക്കടയോട് ചേർന്നുള്ള മുറിയിലാണ് എഡ്‌നയും 2 സഹോദരന്മാരും അടങ്ങുന്ന 5 അംഗ കുടുംബം താമസിക്കുന്നത്. ആലപ്പഴ വണ്ടാനം മെഡിക്കൽ കോളേജിലാണ് ഈ മിടുക്കി പ്രവേശനം നേടിയത്.
എംബിബിഎസിന് പ്രവേശനം ലഭിച്ചെങ്കിലും ഇന്നും ചായക്കടയിൽ എഡ്ന സജീവമാണ്. തന്റെ സ്വപ്നത്തിലേക്ക് പറക്കാൻ ചിറകായത് ഈ ചായക്കടയല്ലെ എന്നാണ് എഡ്ന ചോദിക്കുന്നത്.പിന്തുണച്ചവരോടെല്ലാം ഒരുപാട് നന്ദിയുണ്ട്. ഓർത്തോപീഡിക് വിഭാഗത്തിൽ എം.ഡിയെടുക്കണം. പിതാവിന്റെ നട്ടെല്ലിലെ രോഗമാണ് ഓർത്തോ പഠിക്കാൻ പ്രേരണ എഡ്ന പറയുന്നു.

Comments