ആപ്പ് ബിജെപിയുടെ ബി ടീമാകുന്നത് എങ്ങനെ.? അഡ്വ.ശ്രീജിത്ത് പെരുമന എഴുതിയത്:-

ൽഹിയിൽ മുസ്ലീങ്ങള്‍ സ്വീകരിച്ച രാഷ്ട്രീയ സമീപനം കൊണ്ടുകുടിയാണ് കെജ്രിവാളിന് ഇത്ര വലിയ ജയം സാധ്യമായത് എന്നതിൽ സംശയമുള്ള ആരെങ്കിലുമുണ്ടോ ആം ആദ്മി /കെജ്‌രിവാൾ ഫാൻസിൽ ❓️
അഡ്വ. ശ്രീജിത്ത് പെരുമനയുടെ ലേഖനം വായിക്കാം :-
ൽഹിയിലെ മുസ്ലീങ്ങൾ  കോണ്‍ഗ്രസിനെ പൂര്‍ണമായി കൈയൊഴിയുകയും കെജ്രിവാളിന് പിന്നില്‍ അണിനിരക്കുകയും ചെയ്തു. ബിജെപിയെ തോല്‍പ്പിക്കാന്‍ ശേഷിയുള്ള പാര്‍ട്ടിക്ക് വോട്ടു ചെയ്യുകയെന്നതാണ് കഴിഞ്ഞ കുറേക്കാലത്തെ മുസ്ലീം വോട്ടിന്റെ സ്വഭാവം എന്നതാണ് സത്യം.. 

അത്രയും തെരഞ്ഞെടുപ്പ് സ്വാതന്ത്ര്യം മാത്രമെ യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ ജനാധിപത്യം ഇന്ത്യയിലെ ഏറ്റവും വലിയ മതന്യൂനപക്ഷങ്ങള്‍ക്ക് നല്‍കുന്നുള്ളൂവെന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. 

ഫലത്തില്‍ ഇന്ത്യന്‍ തെരഞ്ഞെടുപ്പുകള്‍ അങ്ങേയറ്റം ധ്രുവീകരിക്കാന്‍ ബിജെപിയ്ക്ക് കഴിയുന്നുവെന്നതിന്റെ ഒടുവിലത്തെ ഉദാഹരണം കൂടിയായിരുന്നു  ഡല്‍ഹി തെരഞ്ഞെടുപ്പ്. 
ഡൽഹിയിൽ ആംആദ്മിയെ പിന്തുണച്ചത് മുസ്ലീങ്ങളുടെ കോണ്‍ഗ്രസിനെ കൈയൊഴിയാനുള്ള തീരുമാനം കൂടിയാണ് എന്നതിൽ നിന്നും പുതിയൊരു ബിജെപി ബദൽ എന്ന ആശയത്തിന്റെ പ്രസക്തി വായിച്ചെടുക്കാവുന്നതാണ്.. 

കെജ്രിവാള്‍ ജയിച്ചത് മതേതരവാദികൾക്ക് പ്രതീക്ഷ നൽകുന്നുണ്ട്  എങ്കിലും അതില്‍ ഇപ്പോള്‍ ഇന്ത്യയെ കാർന്നു തിന്നുന്ന ഹിന്ദു രാഷ്ട്ര നിർമ്മിതിക്കോ,  പശു കൊലയ്‌ക്കോ, ജയ്‌ശ്രീറാം കൊലയ്‌ക്കോ, ഫാസിസത്തിനോ,  പൗരത്വ നിയമഭേദഗതിക്കോ എതിരെയുള്ള ഒരു ബദലില്ല എന്നതാണ് യാഥാർഥ്യം. 
നിലവില്‍ ഹിന്ദുക്കളെ പ്രീണിപ്പിച്ചിട്ട് മാത്രമേ കാര്യമുള്ളൂ. മുസ്ലീങ്ങളെ മോദി അപ്രസക്തരാക്കിയിരിക്കുന്നു. ഇതറിയാവുന്ന കെജ്‌രിവാൾ ബജ്രംഗദള്ളിനെ സംരക്ഷരായി കണ്ടതിൽ അതിശയോക്തി വേണ്ടെന്നാണ് ആംആദ്മിയുടെ പിതാക്കന്മാരിലൊരാളായ അഡ്വ പ്രശാന്ത് ഭൂഷൺ ഉൾപ്പെടെ വ്യക്തമാകുന്നത്. 
പൗരത്വത്തെ ചൊല്ലി ഡൽഹിയിലെ മുസ്ലീം ഭൂരിപക്ഷ മേഖലകളിലാണ് കലാപമുണ്ടായത്. അതേസമയം കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും മുസ്ലീങ്ങളാണ്. ശരിയായ കാര്യങ്ങള്‍ക്ക് വേണ്ടി പോരാടിയിരുന്ന ആദര്‍ശവാനായ പൊതുപ്രവര്‍ത്തകനല്ല ഇന്ന് കെജ്രിവാള്‍. കെജ്രിവാള്‍ ഹിന്ദു-മുസ്ലീം ദ്വന്ദ്വ രാഷ്ട്രീയത്തിലൂടെ മുന്നോട്ടുപോകേണ്ടിയിരുന്നയാളുമല്ല. കെജ്രിവാള്‍ രാഷ്ട്രീയത്തെ മാറ്റാനായി വന്നയാളാണ്. എന്നാല്‍ രാഷ്ട്രീയം അദ്ദേഹത്തെ മാറ്റുകയാണുണ്ടായത്. കലാപസമയത്ത് അദ്ദേഹം ഇരകള്‍ക്കൊപ്പം, നീതിക്കൊപ്പം നില്‍ക്കാത്തതില്‍ അദ്ഭുതമില്ല. വോട്ട് മാത്രം പ്രശ്‌നമായ ഒരു രാഷ്ട്രീയക്കാരനാണ് ഇന്ന് കെജ്രിവാള്‍ 
നമ്മുടെയൊക്കെ മനസിലുള്ള പഴയ കെജ്രിവാള്‍ ആയിരുന്നെങ്കില്‍ ഡൽഹി കലാപത്തിൽ  അമിത് ഷായെ വെറുതെ വിടുമായിരുന്നില്ല. എന്നാല്‍ കലാപം കൊടുമ്പിരി കൊള്ളുമ്പോൾ ആപ്  കൗണ്‍സിലര്‍ താഹിര്‍ ഹുസൈനെ സസ്‌പെന്‍ഡ് ചെയ്യാനാണ് അദ്ദേഹം സമയം കണ്ടെത്തിയത്. 

ഹുസൈന് നിരപരാധിത്വം തെളിയിക്കാനുള്ള യാതൊരു അവസരവും കെജ്രിവാള്‍ നല്‍കിയില്ല. എഫ്‌ഐആര്‍ എടുത്ത് അര മണിക്കൂറിനകം താഹിര്‍ ഹുസൈനെ സസ്‌പെന്‍ഡ് ചെയ്തു. താഹിര്‍ ഹുസൈന്റെ വീട്ടില്‍ നിന്ന് കലാപത്തിന് ഉപയോഗിക്കാന്‍ സാധ്യതയുള്ള സാധനങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. എന്നാല്‍ അക്രമികള്‍ വീട് ആക്രമിക്കുകയും താഹിര്‍ ഹുസൈനേയും കുടുംബത്തേയും പൊലീസ് വീട്ടില്‍ നിന്ന് ഒഴിപ്പിച്ചിരുന്നു. ഈ വസ്തുക്കള്‍ കണ്ടെടുത്ത സമയം താഹിര്‍ ഹുസൈന്‍ വീട്ടിലുണ്ടായിരുന്നില്ല. സ്വന്തം പാര്‍ട്ടിക്കാരനായ താഹിര്‍ ഹുസൈന് പറയാനുള്ളത് കേള്‍ക്കാതെ അയാളെ അറസ്റ്റ് ചെയ്യുകയും ശിക്ഷിക്കുകയും വേണമെന്നാണ് കെജ്രിവാള്‍ പറഞ്ഞത്.. 
ചില രാഷ്ട്രീയ  നേതാക്കള്‍ വ്യക്തമായ രാഷ്ട്രീയ നിരീക്ഷണങ്ങളിലൂടെ മുന്നോട്ട് പോകും. എന്നാല്‍ ചിലരാകട്ടെ അവ്യക്തതയുടെ രാഷ്ട്രീയവുമായി മുന്നോട്ട് പോകും. വ്യക്തതയുടെ രാഷ്ട്രീയമാണെങ്കില്‍ കൃത്യമായി വോട്ടര്‍മാര്‍ക്ക് അറിയാന്‍ സാധിക്കും ഏത് വഴിയില്‍ കൂടിയാണ് തങ്ങളുടെ നേതാവ് പോകുക എന്നത്. ഇത് വിശ്വാസത്തിന്റെ കാരണമായി തീരുകയും ചെയ്യും. എന്നാല്‍ ഏത് വഴി താന്‍ തിരഞ്ഞെടുക്കണമെന്ന് വ്യക്തതയില്ലാത്ത ഒരു നേതാവിനെ എങ്ങിനെയാണ് ഒരാള്‍ വിശ്വസിക്കുക.അത്തരത്തിലൊരു നേതാവായിരുന്നു അടല്‍ ബിഹാരി വാജ്പേയി. അദ്ദേഹം ഒരേസമയം തന്നെ രാം മന്ദിറിനു വേണ്ടിയും അതിനെതിരെയും പറയും. അദ്ദേഹം ഹിന്ദുത്വ പ്രചാരകനും ഹിന്ദുത്വത്തിനെതിരായുള്ള ആളുമാകും. ആര്‍.എസ്,എസും ആര്‍.എസ്.എസ് വിരുദ്ധനുമാകും. എന്നിട്ടും ആളുകള്‍ അദ്ദേഹത്തെ വിശ്വസിച്ചു. അടല്‍ ബീഹാരി വാജ്പേയിയ്ക്ക് വോട്ടു ചെയ്യാത്തവര്‍ക്ക് പോലും അദ്ദേഹത്തോട് വലിയ മതിപ്പുണ്ടായിരുന്നു.

സമാനമാണ് കെജ്‌രിവാളും 2015ലെ ദല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നിരന്തരമായി ബി.ജെ.പിയെ വിമര്‍ശിച്ചുകൊണ്ട് മോദിക്ക് ബദലാകാമെന്നായിരുന്നു കെജ്‌രിവാളും ധരിച്ചത്. എന്നാല്‍ പഞ്ചാബ് തെരഞ്ഞടുപ്പിലേറ്റ തിരിച്ചടിയും ദല്‍ഹി മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ് ഫലവും തന്റെ സ്ട്രാറ്റജി തെറ്റാണെന്ന് കെജ്‌രിവാളിനെ ബോധ്യപ്പെടുത്തി. 

പ്രധാനമന്ത്രി നരേന്ദ്രമോദിയെ 24 മണിക്കൂറും കെജ്‌രിവാള്‍ കുറ്റപ്പെടുത്തുന്ന സമയത്ത് അദ്ദേഹത്തിന് അധികാരത്തോടുള്ള അഭിനിവേശം വ്യക്തമായിരുന്നു. മുഖ്യമന്ത്രി  പദത്തിലേക്ക് എത്താനുള്ള തിടുക്കമായിരുന്നു അതിലെല്ലാം പ്രകടമായിരുന്നത്. 2015ല്‍ 67 സീറ്റ് ലഭിച്ച് കെജ്‌രിവാള്‍ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ തനിക്കെതിരെ നില്‍ക്കുന്ന നേതാക്കളെയെല്ലാം പുറത്താക്കാനും മുതിര്‍ന്നു കെജ്‌രിവാള്‍. അതിൽ ഒരു  ഒരു ജനാധിപത്യവിരുദ്ധ നേതാവിന്റെ മുഖം ഒളിഞ്ഞിരിപ്പുണ്ട് എന്നത് വ്യക്തമാണ്. 

ദല്‍ഹിയില്‍ തബ് ലീഗി ജമാഅത്ത് മര്‍ക്കസിനെതിരെ കേസെടുക്കുകയും ദല്‍ഹി കലാപത്തിന് കാരണമായ വിദ്വേഷ പ്രസംഗം നടത്തിയ കപില്‍ മിശ്രയെ കേസിൽ നിന്ന് ഒഴിവാക്കുകയും ചെയ്യുന്ന കെജ്‌രിവാളിനെ ജനം വിലയിരുത്തട്ടെ,

കെജ്‌രിവാള്‍ ഹനുമാന്‍ ക്ഷേത്രത്തില്‍ പോകുന്നതും നെറ്റിയില്‍ കുറി തൊടുന്നതും ദൈവത്തിന്റെ പേരില്‍ സത്യപതിജ്ഞ ‘ ചൊല്ലുന്നതുമൊക്കെ അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമാണ്. എന്താണ് ഇന്ത്യയുടെ മതേതരത്വ സങ്കല്പം? എല്ലാ മതങ്ങള്‍ക്കും മതമില്ലാത്തവര്‍ക്കും നിലനില്‍ക്കാന്‍ ഒരുപോലെ സ്വാതന്ത്ര്യവും അവകാശവുമുണ്ട്, ഇന്ത്യയില്‍ . വിശ്വാസിക്കും അവിശ്വാസിയ്ക്കും യുക്തിവാദിയ്ക്കും അവരവരുടെ വിശ്വാസം പുലര്‍ത്തിക്കൊണ്ട് ജീവിക്കാന്‍ അവകാശമുള്ള ബഹുസ്വരമായ ഒരിടമാണ് ഇന്ത്യന്‍ മതേതരത്വം വിഭാവന ചെയ്യുന്നത്. അതുകൊണ്ട് കെജ്‌രിവാളിന്റെ ഹനുമാന്‍ ചാലിസ മതേതരത്വത്തെ തകര്‍ക്കുമെന്നൊന്നും അതുകൊണ്ട് തന്നെ അഭിപ്രായവുമില്ല.  

എന്നാൽ  ഡല്‍ഹി കലാപത്തില്‍ കെജ്‌രിവാള്‍ ദീക്ഷിച്ച മൗനവും, 
കശ്മിരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞപ്പോൾ അപ്രഖ്യാപിത ലീവിൽ  പോയതും, ,  ബാബരി മസ്ജിദ് തകര്‍ന്നതിനെക്കുറിച്ച് ചോദിച്ചപ്പോഴും,  ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നിഷേധിക്കുന്നതിനേക്കുറിച്ച് ചോദിച്ചപ്പോഴും ഹനുമാൻ ചാലിസ പാടിയതും രാജ്യ തലസ്ഥാനം ഭരിക്കുന്ന നേതാവിന് ഭൂഷണമല്ല. 

ഉള്ളി വില കുറയലാണ്, ചുരുങ്ങിയ ചെലവില്‍ വൈദ്യസഹായം ലഭിക്കലാണ്  കെജ്‌രിവാളിന്റെ രാഷ്ട്രീയം അതൊരു  അരാഷ്ട്രീയത്തിന്റെ രാഷ്ട്രീയമാണ്.

ഹിന്ദുത്വത്തെ ആശയപരമായി പ്രതിരോധിക്കുക എന്നത് അദ്ദേഹത്തിന്റെ വിദൂര അജണ്ടയിൽപോലുമില്ല.   പ്രത്യയശാസ്ത്രങ്ങളായിരുന്നില്ല ആം ആദ്മി പാര്‍ട്ടിയെ പണ്ടു മുതല്‍ക്കേ നിയന്ത്രിച്ചു പോന്നത്. ...

ലൈബ്രറി തല്ലി തകർക്കുമ്പോൾ,  വിദ്യാർത്ഥികൾക്ക് നേരെ വെടിയുതിർക്കുമ്പോൾ, വന്ദ്യവയോധികർ തെരുവിലിറങ്ങി പോലീസ് മർദ്ധനമേറ്റുവാങ്ങുമ്പോൾ കേജ്രിവാളെ ഏഴയൽവക്കത്ത് പോലും കണ്ടവരില്ല.. 

എന്നാൽ ഫാസിസത്തിനെതിരെ പോരാടുന്ന കനയ്യ കുമാറിനെതിരെ ദേശ ദ്രോഹ കുറ്റം ചുമത്താനുള്ള അനുമതി നൽകാനും, അയോധ്യയിൽ പള്ളി പൊളിച്ച സ്ഥലത്ത് രാമ ക്ഷേത്രത്തിനോടൊപ്പം ഹനുമാൻ ക്ഷേത്രം പണിയാനുള്ള പ്രഖ്യാപനം നടത്താൻ ആം ആദ്മിയും കെജ്‌രിവാളും മുൻപിലുണ്ടായിരുന്നു. 

ഷഹീന്‍ബാഗില്‍ പോയില്ല, ജാമിയിയിലോ ജെ.എന്‍.യുവിലോ അദ്ദേഹത്തെ കണ്ടിട്ടില്ല. പൗരത്വ നിയമ ഭേദഗതിയിലൂടെ ഇന്ത്യന്‍ മതേതരത്വത്തിന് നേരെ ഹിന്ദുത്വ രാഷ്ട്രീയം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ കെജ്‌രിവാള്‍ ശ്രദ്ധിക്കാതിരുന്നതിൽ നിന്നും അദ്ദേഹത്തിന്റെ  അരാഷ്ട്രീയതയുടെ രാഷ്ട്രീയം വ്യക്തമാണ്. 

കെജ്‌രിവാള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉയര്‍ന്നുവന്ന സാഹചര്യവും നാം കണക്കിലെടുക്കണം. അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ പ്രസ്ഥാനത്തോട് ചേര്‍ന്നു നിന്നുകൊണ്ടാണ് കെജ്‌രിവാള്‍ തന്റെ രാഷ്ട്രീയ വഴികള്‍ കണ്ടെത്തിയത്. കോണ്‍ഗ്രസിനെതിരായുള്ള സമരമെന്ന നിലയില്‍ ഹിന്ദുത്വം അതിനെ പ്രോത്സാഹിപ്പിച്ചിരുന്നു എന്നതാണ് യാഥാർഥ്യം. 
മധ്യവര്‍ഗ സമൂഹത്തിന്റെ ഹിന്ദു ആഭിമുഖ്യം കെജ്‌രിവാളിലുമുണ്ടായിരുന്നു. ആ നിലക്ക് കശ്മിരിലെ ജനതയുടെ പൗരാവകാശങ്ങളോ സര്‍ക്കാറിന്റെ മനുഷ്യത്വവിരുദ്ധ നിലപാടുകളോ കെജ്‌രിവാളിനെ ഏറെയൊന്നും വേവലാതിപ്പെടുത്തിയിരിക്കാനിടയില്ല. ബി.ജെ.പിയുടെ രാഷ്ട്രീയത്തെ പ്രത്യയശാസ്ത്രപരമായി വിലയിരുത്താനൊന്നും അദ്ദേഹം ശ്രമിച്ചിട്ടേയില്ല. പ്രത്യയശാസ്ത്രങ്ങള്‍ മരിച്ചിരിക്കുന്നു. അതുകൊണ്ട് പ്രത്യയശാസ്ത്രങ്ങള്‍ക്ക് പുറത്താണ് തങ്ങള്‍ എന്നാണ് പണ്ടേ എ.എ.പി പറഞ്ഞു പോരുന്നത്.

ആം ആദ്മിക്ക് പ്രത്യയശാസ്ത്രപരമായ അടിത്തറയില്ല. സമ്മതിച്ചു. പക്ഷേ സാമാന്യ ജനത്തിന് പ്രത്യയശാസ്ത്രപരമായ വിവേകമുണ്ട്. ഈ വിവേകത്തിനൊപ്പം സഞ്ചരിക്കാന്‍ ആംആദ്മിക്ക്  കഴിയുമോ എന്നതാണ് ചോദ്യം. ജനത്തിനുള്ളത് ജനത്തിനും ഹനുമാനുള്ളത് ഹനുമാനും എന്ന നയം ഏതായാലും ബി.ജെ.പിക്കുള്ള ബദലല്ല. 

(കടപ്പാട് അഡ്വ ശ്രീജിത്ത്‌ പെരുമന)

Comments